പണ്ടു പണ്ടൊരു ഗ്രാമത്തിൽ ഒരു വലിയ തടാകം ഉണ്ടായിരുന്നു. ഈ തടാകത്തിൽ ധാരാളം മീനുകൾ വസിച്ചിരുന്നു. അതിൽ മൂന്ന് മീനുകൾ അടുത്ത സുഹൃത്തുക്കളായിരുന്നു. അവർ ഒരുമിച്ചു സന്തോഷത്തോടെ നീന്തി കളിച്ചു അവിടെ കഴിഞ്ഞു. സുഹൃത്തുക്കളായിരുന്നെങ്കിലും ഇവർ മൂന്നു പേരും വ്യത്യസ്ത സ്വഭാവക്കാരായിരുന്നു. അതിൽ ഒരു മീൻ വളരെ ബുദ്ധിമാനായിരുന്നു. മാത്രമല്ല അവൻ എപ്പോഴും ചിന്തിച്ചു മാത്രമായിരുന്നു പ്രവൃത്തിച്ചിരുന്നത്. രണ്ടാമത്തെ മീനാകട്ടെ നല്ല തന്ത്രശാലിയായിരുന്നു. അവന് ഏതു അപകട സാഹചര്യവും തന്ത്രപൂർവം നേരിടാനുള്ള കഴിവ് ഉണ്ടായിരുന്നു. ഇത് അവനെ അപകടങ്ങളിൽ നിന്നെല്ലാം രക്ഷിച്ചു. എന്നാൽ മൂന്നാമനാകട്ടെ ഈ രണ്ടു മീനുകളിൽ നിന്നും തികച്ചും വ്യത്യസ്തനും അലസനുമായിരുന്നു. അവൻ എപ്പോഴും വിധിയിൽ മാത്രം വിശ്വസിച്ചു. അതുകൊണ്ടു തന്നെ സ്വന്തമായി ചിന്തിക്കുവാനോ പ്രവൃത്തിക്കാനോ തയ്യാറായില്ല. എല്ലാം വിധിപോലെ നടക്കും. എന്നു വിശ്വസിച്ചായിരുന്നു അവൻ ജീവിതം നയിച്ചത്. ഇത്തരത്തിൽ മൂന്നു മീനുകളും വ്യത്യസ്ത സ്വഭാവക്കാരായിരുന്നെങ്കിലും അവർ പരസ്പരം സ്നേഹിച്ചു ആ തടാകത്തിൽ കഴിഞ്ഞു.
അങ്ങനെയിരിക്കെ ഒരു ദിവസം ബുദ്ധിമാനായ മീൻ തടാകത്തിലെ കരയോട് ചേർന്ന ഭാഗത്തു നീന്തി കളിക്കുകയായിരുന്നു. അപ്പോഴാണ് അവൻ രണ്ടു മീൻപിടിത്തക്കാരുടെ സംഭാഷണം കേൾക്കാൻ ഇടയായത്. ഒരാൾ പറഞ്ഞു
” ഈ തടാകത്തിൽ നിറയെ മീനുകൾ ഉണ്ട്. നാളെ നമുക്ക് ഇവിടെ വന്നു മീൻപിടിച്ചാലോ?”
ഇതു കേട്ടതും ഉടൻതന്നെ അടുത്ത മീൻപിടിത്തക്കാരൻ പറഞ്ഞു
“നീ പറഞ്ഞത് ശരിയാണ്. ഇവിടെ നിറയെ മീനുകൾ ഉണ്ട്. ഒരു കാര്യം ചെയ്യാം നമുക്ക് നാളെ അതിരാവിലെ തന്നെ വന്നു വലയിടാം. അപ്പോൾ നിറയെ മീനുകൾ വലയിൽ കുടുങ്ങാൻ സാധ്യതയുണ്ട്.”
ഇതും പറഞ്ഞു അവർ അവിടെ നിന്നും മടങ്ങി. ഇതു കേൾക്കാനിടയായ ബുദ്ധിമാനായ മീൻ ഞെട്ടി പോയി. അവൻ ഉടൻതന്നെ തന്റെ സുഹൃത്തുക്കളുടെ അടുത്തെത്തി. എന്നിട്ട് അവരോട് പറഞ്ഞു
“സുഹൃത്തുക്കളെ, നാളെ മീൻപിടിത്തക്കാർ ഈ തടാകത്തിൽ വന്നു വലയിടും. അതിനു മുൻപ് നമുക്ക് ഇവിടെ നിന്നു സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് പോകണം.”
എന്നാൽ ഇതു കേട്ട തന്ത്രശാലിയായ മീൻ പറഞ്ഞു
“സുഹൃത്തേ, ഒരുപക്ഷേ നാളെ മീൻ പിടിത്തക്കാർ വന്നില്ലെങ്കിൽ നമ്മൾ ഈ തടാകം ഉപേക്ഷിച്ചു പോകുന്നത് വെറുതെയാകില്ലേ. അതുകൊണ്ട് ഈ തടാകം ഉപേക്ഷിച്ചു പോകാനൊന്നും ഞാനില്ല. നാളെ മീൻ പിടിത്തക്കാർ വരുകയാണെങ്കിൽ രക്ഷപ്പെടാൻ ഒരു ഉപായം തീർച്ചയായും നമുക്ക് കണ്ടെത്താം. അതുകൊണ്ട് ഈ തടാകം ഉപേക്ഷിക്കാൻ ഞാനില്ല.”
രണ്ടു മീനുകളും പറയുന്നത് കേട്ട അലസനായ മീൻ പറഞ്ഞു
“നമ്മൾ മീൻപിടിത്തക്കാരന്റെ വലയിൽ കുടുങ്ങുക എന്നത് വിധിയാണെകിൽ തീർച്ചയായും അതു നടക്കും. അതിനു വേണ്ടി ഈ തടാകം ഉപേക്ഷിച്ചു നമ്മൾ മറ്റൊരിടത്ത് പോയാലും അതു സംഭവിക്കുക തന്നെ ചെയ്യും. അതുകൊണ്ടു ഇവിടെ നിന്നും മറ്റൊരിടത്തേക്കും ഞാനില്ല.”
എന്നാൽ ബുദ്ധിമാനായ മീൻ ഇവർ രണ്ടു പേരുടെയും വാക്കുകൾ കേട്ടില്ല. അവൻ അപ്പോൾ തന്നെ ബുദ്ധിപൂർവം ആ തടാകത്തിൽ നിന്നും മറ്റൊരിടത്തേക്ക് പോയി. എന്നാൽ മറ്റു രണ്ടു മീനുകളും അവിടെ തന്നെ തങ്ങി.
അടുത്ത ദിവസം രാവിലെ തന്നെ ബുദ്ധിമാനായ മീൻ പറഞ്ഞതു പോലെ മീൻപിടിത്തക്കാർ ആ തടാകത്തിൽ വരുകയും വലയിടുകയും ചെയ്തു. ആ വലയിൽ മറ്റു മീനുകളോടൊപ്പം തന്ത്രശാലിയായ മീനും അലസനായ മീനും കുടുങ്ങി. അപ്പോൾ തന്ത്രശാലിയായ മീൻ മനസ്സിൽ പറഞ്ഞു
“ഇന്നലെ തന്റെ സുഹൃത്തു പറഞ്ഞത് ശരിയായിരുന്നു. ഈ വലയിൽ നിന്നും ഏതു വിധേനയും എനിക്ക് രക്ഷപ്പെട്ടേ മതിയാകൂ.”
ഉടൻതന്നെ തന്ത്രശാലിയായ ആ മീൻ തന്ത്രപൂർവം ജീവനില്ലാത്തതു പോലെ ആ വലയിൽ കിടന്നു. അലസനായ മീനിന് രക്ഷപ്പെടണം എന്ന ചിന്ത പോലും ആ സമയത്തും ഉണ്ടായില്ല. മറിച്ച് അവനിപ്രകാരം വിലപിച്ചു കൊണ്ടിരുന്നു.
“എന്നാലും എനിക്ക് ഈ വിധി വന്നല്ലോ. ഈ മീൻപിടിത്തക്കാരുടെ വലയിൽ കുടുങ്ങി ജീവിതം അവസാനിക്കാൻ ആയിരിക്കും എന്റെ വിധി.”
ഇങ്ങനെ വിലപിക്കുകയല്ലാതെ അവൻ രക്ഷപ്പെടുന്നതിനു വേണ്ടി ഒന്നും തന്നെ ചെയ്യാൻ ശ്രമിച്ചില്ല.
ഈ സമയം മീൻപിടിത്തക്കാർ വലയിൽ കുടുങ്ങിയ മീനുകളെയെല്ലാം പുറത്തെടുത്തു. എന്നാൽ ജീവനില്ലാതെ കിടന്ന തന്ത്രശാലിയായ മീനിനെ അവർ വെള്ളത്തിൽ തന്നെ ഉപേക്ഷിച്ചു. ബാക്കയുള്ള മീനുകളെയും കൊണ്ടു അവർ അവിടെ നിന്നും പോയി. അപകട സമയത്തു പോലും സ്വന്തം ജീവൻ രക്ഷിക്കാൻ പരിശ്രമിക്കാത്ത അലസനായ മീനും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. തന്ത്രശാലിയായ മീനാകട്ടെ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ നീന്തി തടാകത്തിന്റെ അടിത്തട്ടിൽ പോയി ഒളിക്കുകയും ചെയ്തു.
ഗുണപാഠം
ബുദ്ധിപൂർവവും വിവേകത്തോടെയുമുള്ള പ്രവൃത്തി പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാൻ നമ്മെ സഹായിക്കും.