ഒരു ദിവസം ഹോജ യാത്രക്കിടയില്‍ ഒരു ചെറിയ പുഴയുടെ കരയിലെത്തി. അവിടെ പുഴ കടക്കാനാകാതെ വിഷമിച്ച് നില്‍ക്കുന്ന നാല് അന്ധരായ വ്യക്തികളെ കണ്ടു. അധികം ആഴമൊന്നുമില്ലെങ്കിലും നല്ല ഒഴുക്കുള്ളതിനാല്‍ പരസഹായമില്ലാതെ അവര്‍ക്ക് ആ പുഴ കടക്കാനാകില്ലായിരുന്നു.

ഹോജ അവരെ സഹായിക്കാമെന്ന് കരുതി അവരുടെ അടുത്തേയ്ക്ക് ചെന്നു. എന്നിട്ട് പറഞ്ഞു.

“എന്ത് പറ്റി സുഹൃത്തുക്കളേ? പുഴ കടക്കാന്‍ സാധിക്കാതെ വിഷമിക്കുകയാണോ?”

“അതെയതെ! താങ്കള്‍ക്ക് ഞങ്ങളെ സഹായിക്കാമോ?” ഹോജയുടെ ശബ്ദം കേട്ട് അവര്‍ ചോദിച്ചു.

“അതിനെന്താ? നിങ്ങളെ തീര്‍ച്ചയായും പുഴ കടക്കാന്‍ ഞാന്‍ സഹായിക്കാം. പക്ഷേ ഒരു കാര്യമുണ്ട്.” ഹോജ പറഞ്ഞു.

“അതെന്താണ്?” നാലുപേരും ഒരുമിച്ചാണ് ചോദിച്ചത്.

“മറ്റൊന്നുമല്ല, നിങ്ങളെ അക്കരെ കടത്തുന്നതിന് ആളൊന്നുക്ക് എനിക്ക് രണ്ട് പണം കൂലി തരണം” ഹോജ യാതൊരു മടിയുമില്ലാതെ ആവശ്യപ്പെട്ടു.

“ശരി. ഞങ്ങള്‍ പണം തരാം” അവര്‍ സമ്മതിച്ചു.

ഉടനെ തന്നെ ഹോജ അവരെ ഓരോരുത്തരെയായി കൈ പിടിച്ച് ആ പുഴയിലെ ഒഴുക്കിലൂടെ മറുകര എത്തിക്കാന്‍ തുടങ്ങി. ആദ്യത്തെ മൂന്നു പേരെ ഹോജ സുരക്ഷിതരായി അക്കരെയെത്തിച്ചു. ഓരോരുത്തരെയും അക്കരെയെത്തിച്ച ഉടന്‍ അവരില്‍ നിന്നും തനിക്കുള്ള കൂലി വാങ്ങാന്‍ ഹോജ മറന്നില്ല.

നാലാമത്തെയാളെ പുഴ കടത്തുന്നതിനിടക്ക് ഹോജയുടെ പിടിയില്‍ നിന്ന് വഴുതി ആ അന്ധന്‍ കാല്‍ തെറ്റി പുഴയിലേയ്ക്ക് വീണു.

പുഴയിലെ ഒഴുക്കില്‍ പെട്ട് കൈകാലിട്ടടിച്ച് നിലവിളിക്കുന്ന കൂട്ടുകാരന്‍റെ ശബ്ദം കേട്ട് മറ്റ് മൂന്ന് പേര്‍ ഹോജയോട് ഉറക്കെ വിളിച്ച് ചോദിച്ചു. 

“എന്ത് പറ്റി? എന്താണ് ഒരു നിലവിളി കേള്‍ക്കുന്നത്?”

“ഓ! ഒന്നുമില്ല. അതെന്‍റെ രണ്ട് പണം നഷ്ടപ്പെട്ടതിന്‍റെ ശബ്ദമാണ്. അത് സാരമില്ല.  കിട്ടിയ കൂലി കൊണ്ട് ഞാന്‍ തൃപ്തിപ്പെട്ട് കൊള്ളാം”. കരയിലേയ്ക്ക് തിരികെ നടക്കവേ ഹോജ ഉറക്കെ വിളിച്ച് പറഞ്ഞു.

Share with others

Leave a Reply

Your email address will not be published. Required fields are marked *