സുന്ദരിക്കാട് വളരെ സുന്ദരമാണ്. സുന്ദരിക്കാടിനു നടുവിൽ ഒരു വലിയ ആൽമരമുണ്ട്. അതിൽ നിറയെ ജീവികളും പക്ഷികളുമുണ്ട്. അതിനു ചുറ്റും നിറയെ മരങ്ങളുമുണ്ട്. ആൽ മരത്തെ എല്ലാവർക്കും ഇഷ്ടമാണ്. വേനൽ വന്നു. ഒരു ദിവസം ആൽ മരം ഉണങ്ങാറായി. പക്ഷികൾക്കും മൃഗങ്ങൾക്കും സങ്കടമായി. കാക്കകറുമ്പൻ സഭ കൂടാമെന്ന് പറഞ്ഞു. എല്ലാവരും സഭയിൽ പങ്കെടുത്തു.
“ആൽ മരത്തെ രക്ഷിക്കണം “, ആന പറഞ്ഞു
“എങ്ങനെ രക്ഷിക്കും”, പച്ച തത്ത ചോദിച്ചു.
“നമുക്ക് ദിവസവും വെള്ളം ഒഴിക്കാം”, മുയലച്ഛൻ പറഞ്ഞു.
അങ്ങനെ എല്ലാവരും ഓരോ ദിവസം വെള്ളം ഒഴിക്കാമെന്ന് തീരുമാനിച്ചു.
പിറ്റേന്ന് കറുമ്പനാന ദൂരെയുള്ള പുഴയിൽ നിന്നും തുമ്പി കൈയിൽ നിറയെ വെള്ളവുമായി വന്നു. ആൽ മരത്തിനു ചുവട്ടിൽ ഒഴിച്ചു. പിറ്റേന്ന് അണ്ണാറക്കണ്ണൻ കുഞ്ഞു കയ്യിൽ വെള്ളവുമായി വന്നു. അണ്ണാറക്കണ്ണനെ സഹായിക്കാൻ കൂട്ടുകാരും വന്നു. പിറ്റേന്ന് മുയലച്ഛൻ കുഞ്ഞു കൈയിൽ വെള്ളവുമായി അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി. ഇതു കണ്ട ആകാശത്തിന് സങ്കടം വന്നു. ആകാശം മഴ പെയ്യിച്ചു. പിറ്റേന്ന് നോക്കിയപ്പോൾ ആൽ മരം തളിർത്തു നിൽക്കുന്നു. അതുകണ്ട എല്ലാവർക്കും സന്തോഷമായി. അവർ ആകാശത്തോടും മഴയോടും നന്ദി പറഞ്ഞു.